പേരാമ്പ്രയിലെ ജപ്തിക്കിടെയുള്ള ആത്മഹത്യ: പ്രതിഷേധത്തിനൊടുവിൽ കടബാധ്യത എഴുതിത്തള്ളി ബാങ്ക്
കോഴിക്കോട് പേരാമ്പ്രയിൽ വീട് ജപ്തി നടപടികൾക്കിടെ ആത്മഹത്യ ചെയ്ത കവിതയുടെ കുടുംബത്തിൻ്റെ കടബാധ്യത ബാങ്ക് അധികൃതർ പൂർണമായും എഴുതിത്തള്ളി. നടുവണ്ണൂരിലെ ബാങ്ക് ശാഖയ്ക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് തീരുമാനം. ജനപ്രതിനിധികളും ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ വായ്പ ഒഴിവാക്കാൻ ധാരണയായി. ബോർഡ് മീറ്റിംഗിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
2018-ൽ വീട് നിർമ്മാണത്തിനായി എടുത്ത വായ്പ കുടിശ്ശികയായി ഉയർന്നതിനെ തുടർന്ന് ജപ്തി നടപടികൾക്കായി ബാങ്ക് ജീവനക്കാർ എത്തിയപ്പോഴായിരുന്നു കവിത ജീവനൊടുക്കിയത്. പ്രതിഷേധത്തിനിടെ കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാത മണിക്കൂറുകളോളം ഉപരോധിക്കപ്പെടുകയും നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു.
Content Highlights: Kozhikode Perambra Kavitha suicide, Naduvannur bank protest, bank attachment suicide Kerala, Kerala loan liability waived, Kozhikode road blockade protest

