സന്നിധാനം: ശബരിമലയില്‍ ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ തയ്യാറായി ദേശീയ ദുരന്ത നിവാരണ സേന. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായാല്‍ തീര്‍ഥാടകരെ രക്ഷിക്കാന്‍ തക്ക പൂര്‍ണ്ണസജ്ജരായി 90ഓളം സൈനികരാണ് എന്‍ഡിആര്‍എഫിന് സാന്നിധാനത്തുള്ളത്. 11 വര്‍ഷമായി ദുരന്ത നിവാരണ സേനയുടെ സേവനം ഉണ്ട് സാന്നിധാനത്തും പാമ്പയിലും. സന്നിധാനത്ത് മാത്രം 50 പേരാണ് ഉള്ളത്. പമ്പയില്‍ നാല്‍പ്പതും. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, തീര്‍ഥാടകരുടെ തിരക്ക് എന്നിവ നേരിടുന്നതിനും, അപകടങ്ങള്‍ സംഭവിക്കാതെ കൈകാര്യം ചെയ്യുന്നതിനും പൂര്‍ണ്ണ സജ്ജരാണ് ദേശീയ ദുരന്ത നിവാരണ സേന. നാലാമത് ബറ്റാലിയന്‍ എന്‍ഡിആര്‍എഫ് കാരക്കോണം ആണ് സേവനത്തിനായി ശബരിമലയില്‍ എത്തിയിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളുമായാണ് ദേശീയ ദുരന്ത നിവാരണ സേന സന്നിധാനത്ത് എത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് ദുരന്ത നിവാരണ സേന എത്തിയിരിക്കുന്നത്.