കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റി. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള നാല് കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയത്. നാലുപേരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോള്‍ സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്ക് മാറ്റിയാണ് മദര്‍ ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീനറോസ്, ജോസഫിന്‍ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് വിശദീകരിച്ചാണ് മദര്‍ ജനറല്‍ നാലുപേരെയും കുറുവിലങ്ങാട് മഠത്തില്‍നിന്നും സ്ഥലംമാറ്റിയിരിക്കുന്നത്.