നിലയ്ക്കല്‍: ശബരിമല ദർശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലിലെത്തി. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നും കൂടെയുളളവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളിൽ പോകാം എന്നുമായിരുന്നു പോലീസ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് മന്ത്രിയും കൂടെയുള്ള ബി.ജെ.പി നേതാക്കളും പ്രതിഷേധിച്ചു.  എല്ലാ വാഹനങ്ങളെയും കടത്തിവിട്ടാൽ മലയിടിച്ചിൽ പോലുള്ള അനിഷ്ടസംഭവങ്ങളുണ്ടാവുമെന്നും എങ്കിൽ മന്ത്രി ഉത്തരവാദിത്തമേറ്റെടുക്കുമോ എന്ന് എസ്.പി യതീഷ് ചന്ദ്ര ചോദിച്ചു. പറ്റില്ലെന്നു പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഇത് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനെ ചൊടിപ്പിച്ചു. ഒരു മന്ത്രിയോട്  ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്ന് അദ്ദേഹം ആരാഞ്ഞു. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ്  എ.എന്‍.രാധാകൃഷ്ണനും പൊന്‍ രാധാകൃഷ്ണനൊപ്പം ഉണ്ട്.