മുണ്ടൻവേലി പി ആന്റ് ജി ഫ്ലാറ്റ് സമുച്ചയ നിർമാണത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് വിശദമായ സൈറ്റ് പരിശോധന നടത്തുന്നു. സർക്കാർ എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് കൊച്ചി വിജിലൻസ് യൂണിറ്റിന്റെ പരിശോധന. ലൈഫ് പദ്ധതിയുടെ ഭാഗമായി പി ആന്റ് ജി കോളനി നിവാസികൾക്കായി നിർമിച്ച ഫ്ലാറ്റുകളിൽ വിള്ളലുകൾ, മേൽക്കൂര ചോർച്ച, ശുചിമുറിയിലെ വെള്ളമൊഴുക്ക് തുടങ്ങിയ കടുത്ത പ്രശ്നങ്ങൾ താമസക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ വ്യക്തമായതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. നിർമാണ മേൽനോട്ടം വഹിച്ച ജിസിഡിഎ ഉദ്യോഗസ്ഥർക്കെതിരെയും കരാർ നൽകിയതിലെ അപാകതകളിന്മേലുമാണ് അന്വേഷണം നടക്കുന്നത്.