തിരുവനന്തപുരം: കേരളം അനുഭവിക്കുന്ന പ്രളയക്കെടുതികള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഇന്നു നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 30ന് ആണ് യോഗം ചേരുന്നത്. ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുനരധിവാസത്തിന് ഓരോ വകുപ്പും പ്രത്യേക കര്‍മ പദ്ധതികള്‍ തയാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സാധനങ്ങള്‍ക്ക് ജിഎസ്ടിയ്ക്കു പുറമേ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും. സംസ്ഥാന ജിഎസ്ടിയില്‍ ആയിരിക്കും പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്തുന്നത്.