കൊച്ചി: ശബരിമല സന്നിധാനത്ത് നാമജപം പാടില്ലെന്ന പോലീസ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സന്നിധാനത്ത് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പാടില്ല. പോലീസിന് മാന്യമായി പരിശോധനകള്‍ നടത്താമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹൈക്കോടതി പോലീസിന്റെ അതിരുവിട്ട ഇടപെടലുകളെ വിമര്‍ശിക്കുകയും ചെയ്തു. ശബരിമലയിലെ താമസ സൗകര്യങ്ങളടപ്പിക്കാന്‍ ഏത് സാഹചര്യത്തിലാണ് പോലീസ് നോട്ടീസ് നല്‍കിയതെന്ന് കോടതി ചോദിച്ചു. അന്നദാന കൗണ്ടറും പ്രസാദ വിതരണ കൗണ്ടറും പത്ത് മണിക്ക് അടയ്ക്കണമെന്ന് നിര്‍ദ്ദേശം എന്തിനായിരുന്നു എന്നും കോടതി ചോദിച്ചു. നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വികലാഗംര്‍ക്കും വിരിവെക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണം. നടപ്പന്തലില്‍ വിശ്രമിക്കുന്നവരെയും നടന്നുവരുന്നവരെയും വേര്‍തിരിക്കാന്‍ ബാരിക്കേഡുകള്‍ ആവാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ഇടതടവില്ലാതെ സര്‍വീസ് നടത്തണമെന്നും കോടതി പറഞ്ഞു.