തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നൽകി മണിപ്പൂർ സ്വദേശിനിയായ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കരസേനാ മേജർ തോക്ചോം ഭഗത്ജിത്ത് സിംഗിനെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ജോലി ചെയ്യവെ പരിചയപ്പെട്ട യുവതിയെ ക്യാമ്പിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പോലീസിലും കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അഭിഭാഷകർ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ദൃശ്യങ്ങൾ കാണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിഥുൻ ഗോപി ഉത്തരവിടുകയായിരുന്നു.