കല്‍പ്പറ്റ: മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ സിസ്റ്റര്‍ ലൂസി കളപ്പുരയെ പള്ളിയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടവക വിലക്കിയതായി പരാതി. വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്ന് സിസ്റ്റര്‍ ആരോപിച്ചു. മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് അറിയിച്ചെന്നും സിസ്റ്റര്‍ ലൂസി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.