ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരായ സമര പ്രഖ്യാപന ഐക്യവേദിയായി തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധി അനുസ്മരണം. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി അണിനിരക്കാനുള്ള ആഹ്വാനമായിരുന്നു കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി, ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ എന്നിവരുടേതൊഴികെ ഓരോ പ്രസംഗവും. പതിനഞ്ചോളം പാര്‍ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രസംഗം കഴിഞ്ഞ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി വേഗത്തില്‍ തിരിച്ചുപോയി. ഇതിനു ശേഷമാണ് വിമര്‍ശനങ്ങള്‍ അത്രയും ഉയര്‍ന്നത്. പോരാടാന്‍ ഞങ്ങള്‍ ഒരുക്കമാണ് നിങ്ങള്‍ കൂടെയുണ്ടാവുമോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍ ചോദിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന ആയിരക്കണക്കിന് ഡിഎംകെ പ്രവര്‍ത്തകര്‍ ഹര്‍ഷാരവം മുഴക്കി. ഞങ്ങള്‍ മുസ്ലിംങ്ങളാണ്, എന്നാല്‍ ഇന്ത്യന്‍ മുസ്ലിംങ്ങളാണ് എന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള വികാര നിര്‍ഭരമായാണ് പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങിയ സിപിഎം ജനറല്‍സെക്രട്ടറി യെച്ചൂരി രാജ്യത്ത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. എഴുപതുകളിലെ കരുണാനിധിയെപ്പോലെ സ്റ്റാലിന്‍ തമിഴ്‌നാടിനെ മുന്നോട്ടു നയിക്കണമെന്നാഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഗുലാം നബി ആസാദ് പ്രസംഗം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം,സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, മുസ്ലിം ലീഗ്, ആം ആദ്മി, ജനതാദള്‍ സെക്കുലര്‍, ടി ഡി പി, തുടങ്ങിയ പാര്‍ടി പ്രതിനികളും ബീഹാര്‍, പുതുച്ചേരി മുഖ്യമന്ത്രിമാരുമാണ് കരുണാനിധി അനുസ്മരണത്തില്‍ പങ്കെടുത്ത പ്രമുഖര്‍.

To advertise here,