ഇന്ത്യൻ വ്യോമസേനയുടെ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ രണ്ടാം പതിപ്പിന് ഇന്ന് ജോധ്പൂരിൽ തുടക്കമാകും. അമേരിക്ക, ജർമ്മനി ഉൾപ്പെടെ ഏഴ് സൗഹൃദ രാജ്യങ്ങളിലെ വ്യോമസേനാ വിമാനങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കും. ഇത്തവണ തരംഗ് ശക്തിയുടെ ഏറ്റവും വലിയ ആകർഷണം അമേരിക്കൻ പോർവിമാനമായ എഫ്-35 (F-35) ആണ്.

രാജസ്ഥാനിലെ ജോധ്പൂർ വ്യോമസേനാ താവളത്തിലും സമീപ വ്യോമതാവളങ്ങളിലുമായാണ് തരംഗ് ശക്തിയുടെ രണ്ടാം പതിപ്പ് നടക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്ക് പുറമെ അമേരിക്ക, ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ എന്നീ ഏഴ് വിദേശ വ്യോമസേനകളാണ് തരംഗ് ശക്തിയിൽ അണിനിരക്കുന്നത്. 32 രാജ്യങ്ങൾ നിരീക്ഷകരായി പങ്കെടുക്കും.

അമേരിക്കൻ വ്യോമസേനയുടെ സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35-ന്റെ പങ്കാളിത്തമാണ് തരംഗ് ശക്തിയുടെ രണ്ടാം പതിപ്പിന്റെ എടുത്തുപറയേണ്ട സവിശേഷത. 2025-ലെ എയ്‌റോ ഇന്ത്യയിൽ എഫ്-35 വിമാനം പ്രദർശിപ്പിച്ചിരുന്നെങ്കിലും, ഇന്ത്യയിലെ ഒരു അഭ്യാസത്തിൽ ഇത് ആദ്യമായാണ് എഫ്-35 പങ്കെടുക്കുന്നത് എന്ന് വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ ആശുതോഷ് ദീക്ഷിത് വ്യക്തമാക്കി.

ഫ്രാൻസിന്റെ റഫാൽ, ജർമനിയുടെ എ-400 (A400M), യുഎഇയുടെ എഫ്-16, ബംഗ്ലാദേശിന്റെ സി-130ജെ എന്നിവയുൾപ്പെടെ അഭ്യാസത്തിൽ പങ്കെടുക്കും. റഫാൽ, മിറാഷ്-2000, ജാഗ്വാർ, തേജസ്, മിഗ്-29, സുഖോയ്-30 എംകെഐ എന്നിവയുൾപ്പെടെ ഇന്ത്യൻ വ്യോമസേനയുടെ മുൻനിര പോർവിമാനങ്ങളും തരംഗ് ശക്തിയുടെ രണ്ടാം പതിപ്പിൽ അണിനിരക്കും.

ജപ്പാൻ വ്യോമസേനയുമായി ഇന്ത്യൻ വ്യോമസേന നടത്തിയ ‘വീർ ഗാർഡിയൻ’ ദ്വിരാഷ്ട്ര വ്യോമാഭ്യാസത്തിന് പിന്നാലെയാണ് ജോധ്പൂരിൽ തരംഗ് ശക്തി നടക്കുന്നത്. 2024-ലായിരുന്നു തരംഗ് ശക്തിയുടെ ആദ്യ പതിപ്പ് നടന്നത്. തമിഴ്‌നാട്ടിലെ സൂലൂരിലും ജോധ്പൂരിലുമായി രണ്ട് ഘട്ടങ്ങളിലായി നടന്ന ആദ്യ അഭ്യാസത്തിൽ ബ്രിട്ടൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ പങ്കെടുത്തിരുന്നു. ഒക്ടോബർ 12 വരെയാണ് തരംഗ് ശക്തിയുടെ രണ്ടാം പതിപ്പ്.

#TarangShakti #IndianAirForce #F35 #Jodhpur #Defense #National #IAF