ന്യൂഡല്‍ഹി: ചരക്ക്‌സേവന നികുതിക്കുമേല്‍ (ജി.എസ്.ടി.) ഒരു ശതമാനം വരെ സെസ് ചുമത്താന്‍ കേരളത്തെ അനുവദിക്കാമെന്ന് ജി.എസ്.ടി. മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ. പ്രളയാനന്തരമുള്ള പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാനാണിത്. സംസ്ഥാനാടിസ്ഥാനത്തിലാണ് സെസ് ചുമത്താന്‍ അനുമതി. പുനര്‍നിര്‍മാണപദ്ധതികള്‍ക്കുള്ള പണം കണ്ടെത്താന്‍ പുറംവായ്പകള്‍ക്കുള്ള പരിധി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശത്തിനും ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി അംഗീകാരം നല്‍കി. സെസ് നിരക്കും കാലയളവും ഏതൊക്കെ ഉത്പന്നങ്ങള്‍ക്കുമേലാണ് ചുമത്തുന്നതെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ശുപാര്‍ശകള്‍ വ്യാഴാഴ്ച ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി. കൗണ്‍സിലാണ് അന്തിമാംഗീകാരം നല്‍കേണ്ടത്.