കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിൽ അമ്മയെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പല്ലാരിമംഗലം സ്വദേശിയായ ഷൈജാൻ എന്നയാളാണ് അമ്മയെ മർദ്ദിച്ചത്. മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. മകന്റെ ഉപദ്രവം ഭയന്ന് അമ്മ സമീപത്തെ വീടുകളിൽ അഭയം തേടാറാണ് പതിവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മകനെതിരെ പരാതിയില്ലെന്നാണ് അമ്മ പോലീസിനോട് വ്യക്തമാക്കിയത്. തുടർന്ന് പോലീസ് ഇടപെട്ട് വയോധികയെ സ്നേഹഭവനിലേക്ക് മാറ്റി.