സൗദി അറേബ്യയിലെ റിയാദ്, മക്ക, നജ്റാൻ, അൽ കർജ് തുടങ്ങിയ മേഖലകൾ ലക്ഷ്യമിട്ട് ഹൂതി വിമതർ വ്യാപകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് സ്വദേശിക്ക് പരിക്കേൽക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അതേസമയം, ആക്രമണശ്രമങ്ങൾ സൗദി സഖ്യസേന പ്രതിരോധിച്ചതായി അറിയിച്ചു. ഒമാൻ തീരത്ത് ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 23 നാവികരെ ഒമാൻ രക്ഷപ്പെടുത്തി. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്കായി ഖത്തർ പ്രതിനിധി സംഘം ടെഹ്റാനിൽ എത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ ജെം നമ്പർ 2 എന്ന കൂറ്റൻ ഇന്ധന ടാങ്കർ തകർന്നതിനെ തുടർന്ന് യുഎഇ തീരങ്ങളിൽ പടർന്ന എണ്ണ മലിനീകരണം കുറഞ്ഞു തുടങ്ങിയതായും ചോർച്ച പൂർണ്ണമായി അടച്ചതായും യുഎഇ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ മുൻകൂർ ലൈസൻസ് കരസ്ഥമാക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങൾക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ദുബായിൽ 26 ലക്ഷം ദിർഹത്തിന്റെ ക്രിപ്റ്റോകറൻസി തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതിനൊപ്പം കള്ളപ്പണ ഇടപാടിൽ വിദേശ ബാങ്കിന് വൻ തുക പിഴ ചുമത്തി. യുഎഇ പതാക ദിനത്തോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വിപുലമായ ഡ്രോൺ ഷോ ഒരുങ്ങുന്നു. ബഹ്‌റൈനിൽ ഇരുപത്തിരണ്ടാമത് ഐഐഎസ്എസ് മനാമ ഡയലോഗിന് തുടക്കമായി.

To advertise here,