തിരുവനന്തപുരം തിരുമലയിൽ ജോലിക്കായി സ്കൂട്ടറിൽ പോകുകയായിരുന്ന ഭാര്യ സീമയെ ഭർത്താവ് വിജയൻ ബൈക്കിൽ പിന്തുടർന്നെത്തി നടുറോഡിൽ വെച്ച് വെട്ടുകത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ സീമ സമീപത്തെ കടയിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പന്ത്രണ്ട് വർഷമായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമെന്നും സീമയുടെ സഹോദരൻ വ്യക്തമാക്കി. കടയുടമ തടഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാനായതെന്നും സഹോദരൻ പറഞ്ഞു. പരിക്കേറ്റ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സീമയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പോലീസ് കേസെടുക്കുകയും ഒളിവിൽപ്പോയ പ്രതി വിജയനായി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.