15 മിനിറ്റ് കൊണ്ട് ഇനി യുഎഇ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാം!!
മാസങ്ങൾ കാത്തിരുന്ന് പല ടെസ്റ്റുകൾ പാസായാൽ മാത്രമാണ് യുഎഇയിൽ സാധാരണനിലയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുക. പത്തുതവണ വരെ ടെസ്റ്റ് തോൽക്കുന്നവരുമുണ്ട്. ഇന്ത്യൻ രൂപയിൽ കണക്കു കൂട്ടിയാൽ ഒന്നര മുതൽ രണ്ടു ലക്ഷം രൂപവരെ ചെലവും വരും. എന്നാൽ ഇതിനെല്ലാം ഒറ്റയടിക്ക് പരിഹാരം കണ്ടെത്തുകയാണ് റാസൽഖൈമ. എല്ലാ നടപടിക്രമങ്ങളും 15 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. റോഡ് ടെസ്റ്റും ഇതിനുള്ളിൽ തീരും. ഇന്റേണൽ റോഡ് ടെസ്റ്റും ഹൈവേ ടെസ്റ്റുമെല്ലാം ഒരുമിച്ചാണ് നടത്തുക. ടെസ്റ്റിന് എത്തുന്നവർക്ക് സ്വന്തം ആഡംബര വാഹനങ്ങൾ ഇതിന് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റിയുമായി കൈകോർത്ത് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പാണ് വേറിട്ട സംരംഭം അവതരിപ്പിച്ചത്. ട്രാഫിക് ആൻഡ് ലൈസൻസിങ് കേന്ദ്രങ്ങളിലെ ഉപഭോക്തൃ സേവന നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ് ഡയറക്ടർ കേണൽ സഖർ ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.