News Kerala

ലീനയുടെ അവയവങ്ങളിലൂടെ ഇനി മൂന്നുപേര്‍ക്ക് പുതുജീവന്‍

തിരുവനന്തപുരം: മരിച്ച ലീനയുടെ അവയവങ്ങള്‍ ഇനി മൂന്നു പേര്‍ക്ക് പുതുജീവന്‍ നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ആശ്രാമം കുളങ്ങര വീട്ടില്‍ ആശ്രാമം സജീവിന്റെ ഭാര്യ ലീന (42)യുടെ രണ്ട് വൃക്കകളും കരളുകളുമാണ് സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ദാനം ചെയ്തത്. ഈ മാസം മൂന്നിന് കടുത്ത തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ലീനയെത്തി. അവിടെ നിന്ന് പിറ്റേദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലവേദന കുറയാത്തതിനെത്തുടര്‍ന്ന് അഞ്ചിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഓഗസ്റ്റ് 12ന് രാവിലെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.