ട്രമ്പിന്റെ ബിസിനസ് സാമ്രാജ്യത്തിന് കോട്ടം
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഡൊണാള്‍ഡ് ട്രമ്പിന്റെ ബിസിനസ് സാമ്രാജ്യത്തിന് വന്‍ കോട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ വ്യവസായം അടക്കം കനത്ത തിരിച്ചടി നേരിടുകയാണ്. ട്രമ്പിന്റെ വാണിജ്യ ആസ്തികള്‍ക്ക് മേല്‍ മുന്‍പെങ്ങുമില്ലാത്ത വിധം നിയമ നടപടികളാണ് പുരോഗമിക്കുന്നത്. 2019ല്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ ബിസിനസ് സാമ്രാജ്യത്തിന് എന്ത് സംഭവിക്കും എന്ന അന്വേഷണത്തില്‍ 'ദ വാഷിംഗ്ടണ്‍ പോസ്റ്റാ'ണ് നിര്‍ണായകമായ ചില വിവരങ്ങള്‍ പുറത്തു വിട്ടത്. തിരിച്ചടി നേരിടുന്ന ട്രമ്പ് സാമ്രാജ്യം ഈ വര്‍ഷം എന്തൊക്കെ പ്രതിസന്ധികള്‍ നേരിടും എന്ന് ഏഴു ചോദ്യങ്ങളും ഉത്തരങ്ങളുമായി വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനം വ്യക്തമാക്കുന്നു. 2018ല്‍ ട്രമ്പിന്റെ പല ബിസിനസ് ശാഖകള്‍ക്കും കോട്ടം സംഭവിച്ചിരുന്നു. പനാമയിലെ ഹോട്ടലിനു മേലുള്ള നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു. സ്കോട്ട്ലന്റിലും അയര്‍ലന്റിലും ട്രമ്പ് ഗോള്‍ഫ് കോഴ്സുകള്‍ക്ക് വന്‍ തുകകള്‍ നഷ്ടമായി. മാന്‍ഹാട്ടനിലെ ട്രമ്പ് ടവറിന് വാടക വരുമാനം കുത്തനെ കുറഞ്ഞു. ഫ്ളോറിഡയിലെ മാര്‍ എ ലാഗോ ഹോട്ടലിന്റെ വരുമാനത്തില്‍ വന്‍ ഇടിവുമുണ്ടായി. ഇതിന്റെ ആവര്‍ത്തനം ഈ വര്‍ഷവും സംഭവിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഒട്ടേറെ നിയമ നടപടികളും ട്രമ്പിന്റെ ബിസിനസ് ലോകം നേരിടുന്നുണ്ട്. മോസ്കോയില്‍ ട്രമ്പ് ടവര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുടെ നീക്കത്തില്‍ റോബര്‍ട്ട് എസ് മ്യൂളര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രമ്പ്-റഷ്യ ബന്ധം അന്വേഷിക്കുന്ന സ്പെഷ്യല്‍ കോണ്സുലറാണ് മ്യൂളര്‍. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ സര്‍ക്കാരുകളുമായുള്ള ഇടപാടുകളും പരിശോധനയിലാണ്. ട്രമ്പിന്റെ ബെഡ്മിനിസ്റ്റര് ഗോള്‍ഫ് കോഴ്സില്‍ ജീവനക്കാരുടെ പേരില്‍ നടന്ന കുടിയേറ്റ നിയമലംഘനങ്ങളും അന്വേഷണത്തിലാണ്. ഭൂരിപക്ഷം വര്‍ധിച്ചതോടെ ട്രമ്പിന്റെ ബിസിനസ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഡെമോക്രാറ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം ട്രമ്പിന്റെ ബിസിനസിന് തിരിച്ചടിയായി എന്ന നിലയിലുള്ള വിലയിരുത്തലുമുണ്ട്. എന്നാല്‍ ട്രമ്പിന്റെ പ്രീതി പിടിച്ചു പറ്റാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും വിദേശ നേതാക്കളും ട്രമ്പിന്റെ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും വാരിക്കോരി പണമിറക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.