News Kerala

എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അവസാനിച്ചു; ഭരണ ചുമതല വീണ്ടും ആലഞ്ചേരിക്ക്

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളംഅങ്കമാലി അതിരൂപതാ അധ്യക്ഷ സ്ഥാനം തിരികെ നല്‍കി. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തെ സ്ഥാനത്തുനിന്ന് നീക്കിയാണ് ആലഞ്ചേരിയെ വീണ്ടും അതിരൂപതാ അധ്യക്ഷനാക്കിയത്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ആലഞ്ചേരിയെ വത്തിക്കാന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നത്. ഒരു വര്‍ഷത്തേക്കാണ് മനത്തോടത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തോട് ചുമതല ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. മാര്‍.മനത്തോടതത്തിനെ വത്തിക്കാനിലേയ്ക്ക് വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതാ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആക്ഷേപങ്ങള്‍ വന്നതിനെത്തുടര്‍ന്നായിരുന്നു ആലഞ്ചേരിയെ അതിരൂപതാ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചുമതല കൈമാറാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.