അധികാര 'കൈ'മാറ്റം
അഞ്ചിടത്തെ വിധി വന്നപ്പോള്‍ നെഞ്ചിടിച്ചത് ബി.ജെ.പിക്ക്. താമര വാടി വീണപ്പോള്‍ കൈക്കരുത്ത് കാട്ടി കോണ്‍ഗ്രസ്. തിരിച്ചറിവുകളുടേതാണ് തിരഞ്ഞെടുപ്പ് ഫലം. അല്ലെങ്കില്‍ അങ്ങനയാകണം. ആദ്യം പഠിക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. മതിമറന്നും മതിഭ്രമപ്പെട്ടുമിരുന്നാല് ലോക്സഭയുടെ പടിക്കെട്ടില്‍ കൈതട്ടി കലമുടയും. മൂന്നിടത്തുപാറിയ മൂവര്‍ണ്ണക്കൊടിക്ക് കുടിയൊഴിപ്പിക്കപ്പെട്ട വടക്കു കിഴക്കടക്കം വഴികളേറെ പിന്നിടാനുണ്ട് പൊതു തിരഞ്ഞെടുപ്പിന് മുമ്പ്. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന പോയകാല സ്വപ്നം പകല്‍ക്കിനാവു മാത്രമെന്ന തിരിച്ചറിവിന് മുന്നില്‍ പതറി നില്‍പ്പാണ് ബി.ജെ.പി. നെട്ടോട്ടമോടിച്ച നോട്ടുനിരോധനവും നട്ടെല്ലുതകര്‍ത്ത ജി.എസ്.ടിയും അടക്കം തിരിഞ്ഞുകൊത്തിയതൊന്നും അത്രപെട്ടെന്ന് തിരിച്ചുവിളിക്കാന്‍ കഴിയുന്നവയല്ല. തീപിടിച്ച എണ്ണവിലയ്ക്കും, കാര്‍ഷികവിള വിലയിടിവിനും നോട്ടിലല്ല വോട്ടിലാണ് ജനം വിലയിട്ടത്. വജ്രായുധമെന്ന വിളിപ്പേര് നരേന്ദ്രമോദിക്കും ചാണക്യനെന്ന വിളിപ്പേര് അമിത് ഷായ്ക്കും കൈവിട്ടുപോയിരിക്കുന്നു. യോഗി മോദിക്കൊരു പിന്‍ഗാമിയേ അല്ല എന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. വിജയം കോണ്‍ഗ്രസിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. പക്ഷേ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സുശക്തമായ പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ ഇവിടെ നിന്ന് ഊര്‍ജം കണ്ടെത്തണം. ഇടഞ്ഞുനില്‍ക്കുന്ന മായാവതിയേയും അഖിലേഷിനേയും മനസുറപ്പോടെ കൂടെ നിര്‍ത്തണം. തെലങ്കാനയില്‍ സ്വന്തം അണികള്‍ക്കിടയില്‍ ടി.ഡി.പി ബന്ധത്തെ വെള്ളപൂശണം. എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന മുന്‍നിലപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറച്ചുനില്‍ക്കുമ്പോള്‍ 2019 ബി.ജെ.പിക്ക് മുന്നില്‍ വിരിച്ചിട്ട പരവാതാനിയേയല്ല എന്ന് തെളിയിക്കുന്നു മാറിയ രാഷ്ട്രീയ കാലാവസ്ഥ. നമ്മളറിയണം.