Specials Election 2019

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ ബിജെപിക്കാര്‍ കാലുവാരിയെന്ന് പി.സി. ജോര്‍ജ്

പൂഞ്ഞാര്‍: എന്‍ഡിഎയുടെ പത്തനംതിട്ട സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ ബിജെപിക്കാര്‍ കാലുവാരിയെന്ന ആരോപണവുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. കൂടെനടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനും മകളും വിദേശത്തുനിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ വന്നുകഴിഞ്ഞാല്‍ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ പറയുമെന്ന് പറഞ്ഞതായും പി.സി ജോര്‍ജ് പറഞ്ഞു. ഇത്തരത്തില്‍ സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോണ്‍വിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും അത് ഉടന്‍ പുറത്തുവിടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.